Thursday, December 16, 2010

കുട്ടിസ്രാങ്ക് - പെണ്‍നോട്ടങ്ങളെ പറ്റിയുള്ള ആകുലതകള്‍


നായകനെ, അയാളിലൂടെ സ്നേഹം ലഭിച്ച മൂന്നു പെണ്ണുങ്ങള്‍ എങ്ങനെ നോക്കി കാണുന്നു എന്നതാണ് കുട്ടിസ്രാങ്കിലെ പ്രധാന പ്രമേയം. എപ്പൊഴും പെണ്‍ കര്ത്ത്രിത്വം ( female subjectivity) എന്നത് ആണുങ്ങളെ, പ്രത്യേകിച്ച് ആണ്‍ കലാകാരന്മാരെ കുഴക്കുന്ന ഒരു പ്രശ്നമാണ്. പെണ്ണുങ്ങളുടെ ചിന്താ ലോകം അടുത്തിടപഴകുന്ന സ്ത്രീകളില്‍ നിന്നും മനസ്സിലാക്കാം എങ്കിലും, അവര്‍ എങ്ങനെ സംഭവങ്ങള്‍ നോക്കികണ്ടിരിക്കാം, ഉള്ളില്‍ ദ്രിശ്യ വല്ക്കരിച്ച്ചിരിക്കാം എന്നത് ആന്നുങ്ങളെ സംബന്ധിച്ച് ഒരു പ്രഹേളിക ആണ് . അതിനെ അതിലംഖിക്കുവാന്‍, ഷാജി മൂന്നു പെണ്ണുങ്ങള്‍ എങ്ങനെ സ്രാങ്കിനെ പറ്റിയുള്ള ഓര്‍മ്മകള്‍ പറഞ്ഞിരിക്കാം എന്നത് അതിന്റെ അവ്യക്തതകളോടെയും നാടകീയതയോടെയും വരണശബളിമയോടെയും ദ്രിശ്യവല്‍ക്കരിചിരിക്കുന്നു. മൂന്നു പേര് കഥ പറയുന്നുണ്ടെങ്കിലും ആത്യന്തികമായി സംവിധായകന്‍ തന്റെയും സ്ത്രീയായ ക്യാമറ വുമന്‍റെയും കണ്ണിലൂടെ ആണ് കഥ നോക്കി കാണുന്നത് എന്നത് ഓര്‍ക്കേണ്ടതാണ് . സാങ്കല്‍പ്പിക ലോകം സൃഷ്ടിക്കുമ്പോള്‍ തന്നെ അതിനെ നയിക്കേണ്ടത് സംവിധായകന്റെ ദര്‍ശനമായിരിക്കണം എന്നൊരു കാഴ്ചപ്പാട് സിനിമയില്‍ ഉയര്‍ത്തി പിടിക്കുന്നു. അവസാനം 'എനിക്കതാണിഷ്ടം ' എന്ന് പെമ്മേണ പറയുന്നതിലൂടെ പോലീസുകാരുടെ ആണ്‍യുക്തിക്ക് മനസ്സിലാക്കാന്‍ പ്രയാസമുള്ള, പെണ്ണുങ്ങളുടെ സ്വയം നിരണയിക്കുവാനുള്ള അവകാശത്തെയും ആധികാരികതയും ഉറപ്പിക്കുകയും ചെയ്യുന്നു.


കേരളം, മലയാളികളുടെ മാതൃഭൂമി -
കേരള ചരിത്രത്തില്‍ അവിടവിടെ നമുക്ക് ബന്ധപ്പെടുത്താവുന്ന കണ്ണികള്‍ ഉണ്ടെങ്കിലും ഒരു സാങ്കല്പികലോകമാണ് സിനിമയില്‍. ഇതിലൂടെ കാലത്തിന്റെയും സമയത്തിന്റെയും സാമാന്യ യുക്തിക്കും അപ്പുറത്തേക്ക് കടക്കുവാനും ചെറിയ സമയത്തിനുള്ളില്‍, മുന്നോട്ടു വയ്ക്കുന്ന ദര്‍ശനത്തെ സമഗ്രതയോടെ അവതരിപ്പിക്കുവാനും ഷാജിക്ക് കൈയ്യടക്കത്തോടെ സാധിക്കുന്നു. മൂന്നു പ്രധാന പ്രാദേശികതകളില്‍ (മലബാര്‍, കൊച്ചി , തിരുവിതാംകൂര്‍ ) കൂടി വരുന്ന ഭാഷാ നിര്‍മ്മാണത്തെയും അതിലൂടെ ഉള്ള ദേശനിര്‍മ്മാണത്തെയും ദ്രിശ്യ ശ്രാവ്യ വല്ക്കിരിചിരിക്കുന്നു ഈ സിനിമ. അമേരിക്കന്‍ ഡ്രീമിനെയും ചരിത്രത്തെയും നായക സങ്കല്പത്തെയും പുനര്‍നിര്‍മ്മിക്കുന്നതിലൂടെ മാര്‍ക്കറ്റ്‌ കീഴടക്കുന്ന ഹോളിവൂഡ്‌ സിനിമകളുടെ മലയാള അനുഎഷണത്തിലേക്ക് ചിലപ്പോള്‍ ഈ സിനിമ പോകുന്നു എന്ന് തോന്നുന്നു. ഇതിനു കാരണം ചിലപ്പോള്‍ സിനിമയുടെ വാണിജ്യ വിജയത്തെകുറിച്ചുള്ള പുതിയ അനുഎഷണവും പണത്തിന്‍റെ പ്രത്യേക സ്രോതസ്സുമായിരിക്കാം.

ദ്രിശ്യ ഭാഷ - മറ്റു കലകളില്‍ നിന്നു വ്യത്യസ്തമാക്കുന്ന, സാഹിത്യത്തില്‍ ഭാഷയെപോലെ, ഒരു ഇടനിലക്കാരനായ മാധ്യമത്തിന്റെ ആവശ്യമില്ലാതെ ജീവിതത്തെ കാണിക്കാനുള്ള സിനിമയുടെ കഴിവ് ഈ സിനിമ പരമാവധി വെളിവാക്കുന്നു. ഉദാഹരണത്തിന്, ഒരിക്കലും വിട്ടു മാറാത്ത ഹിംസയുടെ ഓര്‍മ്മകളുടെ വേട്ടയാടല്‍ നായകന്‍റെ മൂക്കില്‍ നിന്ന്‍ ഒലിക്കുന്ന ചോരയുടെ ഓര്‍മ്മപെടുത്തലായി ദ്രിശ്യവല്‍ക്കരിച്ച്ചിരിക്കുന്നു. വളരെ നാടകീയമായ പരിസരവും ദാര്‍ശനികമായ സംഭാഷണങ്ങളും കൊണ്ട് നിറഞ്ഞ ആദ്യ ഖണ്ടത്തിനുശേഷം വരുന്ന realistic ഭാഗം എന്ത് കൊണ്ട് പ്രേക്ഷകനുമായി എളുപ്പം സംവേദിക്കുന്നു എന്നതൊരു ചോദ്യമാണ്. സ്ത്രൈണതയോടടുത്തു നില്‍ക്കുന്ന വില്ലന്‍ സ്വഭാവവും നിഷേധിയായ നായകരും നായകനെ രഹസ്യമായി ആരാധിക്കുന്ന നായികയും ചേര്‍ന്ന് മലയാളത്തിന്റെ മുഖ്യധാരാ സിനിമകള്‍ കാലങ്ങളായി ചവച്ചു തുപ്പിയ വിഷയമാണീ ഭാഗത്ത്. പല സിനിമകളെയും ചുവക്കുകയും ചെയ്യുന്നു. പക്ഷെ, അതില്‍ തന്നെ കലാകാരനും സമൂഹവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും ജനകീയ കലകള്‍ സമൂഹത്തിന്റെ കൂട്ട രതികളെ ത്രിപ്തിപെടുത്തുന്നതിന്റെ ആശ്ശീലതയും ( ചവിട്ടു നാടകത്തില്‍ അതിന്റെ ചരിത്രമറിയാതെ വെറും യുദ്ധമായി ആസ്വദിക്കുന്നത് ) മറ്റു പല ദ്രിശ്യാനുഭവങ്ങളും കൊണ്ട് വരുന്നതിലൂടെ കുട്ടിസ്രാങ്കിനെ പുതിയ തലത്തിലേക്ക് ഷാജി ഉയര്‍ത്തുന്നു. ഇതില്‍ കലാനിര്‍മ്മാണത്തിലെ വിമോചനം സമൂഹത്തിലെ വിമോചന സങ്കല്പങ്ങളുമായ് ഒത്തു പോകുന്നു. മധ്യ വര്‍ഗ്ഗത്തെ ത്രിപ്തിപ്പെടുത്തുന്നതില്‍ വിജയിക്കുകയും ആ ആഘോഷിക്കപെടലില്‍ പെട്ടുപോയി തങ്ങളുടെ സിനിമയെ നവീകരിക്കുന്നതില്‍ പരാജയപ്പെട്ട ഭരതന്‍, പത്മരാജന്‍ എന്നിവരുടെ പല സിനിമകളില്‍ നിന്നും ഈ സിനിമ എന്ത് കൊണ്ടും ഇതിലൂടെ ഉയര്‍ന്നു നില്‍ക്കുന്നു. സമാന്തരമായ ഒരു നിലയിലേക്ക് മലയാളത്തില്‍ നല്ല സിനിമകള്‍ പാര്‍ശ്വവല്‍ക്കരിക്കപെടാനുണ്ടായ കാരണങ്ങളിലേക്ക് ചില അനുഎഷണങ്ങള്‍ നടത്തി അതിനെ മുഖ്യധാരയുമായി ഫലപ്രദമായി ബന്ധിപ്പിച്ച്ചതിലൂടെ ആണ് ഷാജി ഇതില്‍ വിജയിച്ചത് എന്നെനിക്കു തോന്നുന്നു.

നായക സങ്കല്പവും പാട്ട് പാടുന്ന നായികയും- ഭൂരിപക്ഷം സിനിമകളെ പോലെ ഏക നായകനെ ചുറ്റിപറ്റിയുള്ള കഥ ആകുമ്പോള്‍ തന്നെ എന്താണ് ഒരാളെ നായകനാക്കുന്നത് എന്ന ചോദ്യം ഈ സിനിമയില് മുഴങ്ങി കേട്ട് കൊണ്ടിരിക്കുന്നു‍. മൂന്നവസരങ്ങളില്‍ നായകന്‍ ഉയര്‍ത്തിപിടിക്കേണ്ട മൂല്യങ്ങളും നന്മകളും പ്രേക്ഷകന്റെ ഉള്ളില്‍ പ്രശ്നവല്‍ക്കരിക്കുന്നതിലൂടെ ആണിത് സാധിക്കുന്നത്. അടിമ തുല്യമായ വിധേയത്തിനും ബുദ്ധിസത്തിന്റെ നന്മക്കും ഇടക്ക് പെട്ടവനായി ഒന്നാം ഭാഗത്തില്‍ തുടങ്ങി, രണ്ടാം ഭാഗത്തില്‍ അധികാരത്തിനെതിരായ നിഷേധിയായി മാറി, മൂന്നാം ഭാഗത്തില്‍ ആഗ്രഹിച്ചത് രക്ഷിച്ചെടുക്കുന്ന യാത്ര നായകന്‍ നടത്തുന്നതായി കാണാം. ഒരിക്കലും ഒന്നിന്‍റെയും പൂര്‍ണ്ണമായി ഭാഗമാവാതെ, എല്ലാത്തിനെയും ഉള്‍ക്കൊണ്ട്, തീരങ്ങളില്‍ നിന്നു തീരങ്ങളിലേക്കുള്ള ബോട്ട് യാത്ര!!

മറ്റു സിനമ സംസ്കാരത്തില്‍ നിന്നും ഇന്ത്യന്‍ സിനിമ കളെ വ്യത്യസ്തമാക്കുന്നത് ഗാനങ്ങളുമായി അതിനുള്ള അഭേദ്യമായ ബന്ധമാണ്. പ്രണയം വരുമ്പോള്‍ പാട്ട് പാടുന്ന നായിക നമുക്ക് സുപരിചിതമാണ്. അപ്പോള്‍ മിണ്ടാന്‍ പറ്റാത്ത നായിക പ്രണയിച്ചാല്‍ അതെങ്ങനെ ദ്രിശ്യവല്‍ക്കരിക്കെണ്ടിവരും എന്ന ചോദ്യം ഷാജി ഉന്നയിക്കുന്നുണ്ട് .

നിര്‍മ്മാണ പ്രക്രിയ
- മലയാളത്തില്‍ മുമ്പുണ്ടായിരുന്ന നല്ല സിനിമകളുടെ നിര്‍മ്മാനത്തിനാവശ്യമുള്ള പണ സ്രോതസ്സുകളില്‍ നിന്നും വഴിമാറുന്നു ഈ സിനിമ. സര്‍ക്കാര്‍ കാശുപയോഗിച്ച്ചോ നല്ല സിനിമയുണ്ടാവാന്‍ ആഗ്രഹിക്കുന്ന അപൂര്‍വ്വം നിര്‍മ്മാതാക്കള്‍ അല്ലെങ്കില്‍ ചില സുഹൃത്ത് കൂട്ടായ്മകള്‍ വഴിയോ ആണ് പലപ്പോഴും നല്ല സിനിമകള്‍ പുറത്തു വന്നിരുന്നത്. സംവിധായകന് സ്വാതന്ത്രം ലാഭിക്കാര്‍ഉണ്ടെങ്കിലും സിനിമയുടെ സാങ്കേതിക മേന്മയില്‍ മൂലധനത്തിന്റെ അഭാവം മുഴച്ചു നില്‍ക്കുന്നത് പലപ്പോഴും നമ്മള്‍ കണ്ടതാണ് . കുത്തക മുതലാളിത്തത്തിന്റെ കാശുപയോഗിച്ച്, സാങ്കേതിക മേന്മയോടെ അതിന്റെ തന്നെ അധികാരത്തെയും മതം പോലുള്ള മറ്റു അധികാരങ്ങളെയും അധിലംഘിക്കുന്ന ദര്‍ശനം മുന്നോട്ടു വയ്ക്കുന്ന ഈ സിനിമ ഒരു വഴികാട്ടിയാണോ, അതോ വെറും ഒരു വിരോധാഭാസമാണോ ?

Saturday, October 30, 2010

ബെര്‍ലിന്‍ വാര്‍ത്തകള്‍ ഭാഗം -3 ചെകുത്താന്‍ കുന്ന്‍





യുദ്ധത്തിനു ശേഷം പുതിയൊരു നഗരവും നാഗരികതയും കെട്ടി പൊക്കുമ്പോള്‍ , അപമാനത്തിന്റെയും ക്രൂരതയുടെയും അവശിഷ്ടങ്ങള്‍ കൊണ്ട് കളയാന്‍ ഒരു സ്ഥലം വേണം. അനുഎഷണങ്ങള്‍ക്ക് ശേഷം അവസാനം കണ്ടെത്തിയത് നഗരത്തിനടുത്തുള്ള കാടിനു നടുവില്‍ ആണ്. അവിടെ അവശിഷ്ടങ്ങള്‍ കൊണ്ട് നിറച്ച് ഒരു മനുഷ്യ നിര്‍മ്മിത കുന്നുണ്ടാക്കി; നഗരത്തിലെ ഏറ്റവും വലിയ സ്വാഭാവിക കുന്നിനെക്കാളും വലുത്. അതിനു പറ്റിയ ഒരു പേരും ഇട്ടു, 'ചെകുത്താന്‍ കുന്ന്‍'.

ബെര്‍ലിന് നഗരത്തിനടുത്താണ് teufelsberg അഥവാ 'ചെകുത്താന്‍ കുന്ന്‍'. ഇന്ന് മരങ്ങളും
പച്ചപ്പും കൊണ്ട് വലിയ ഒരു കാട് തന്നെ രൂപപ്പെട്ടു അതിനു മുകളില്‍.
പല വീകെന്ടുകളിലും, കുഴിച്ചു മൂടപ്പെട്ട ഓര്‍ക്കാനാഗ്രഹിക്കാത്ത ഇന്നലെകളുടെ മുകളില്‍ വന്നു നിന്ന്‍ പുതിയ ബെര്‍ലിനെ നോക്കുന്നു ജെര്‍മന്കാര്‍.

നാസിസത്തിന്റെ ചരിത്രം വായിക്കുന്നവരെ ഏറ്റവും കൂടുതല്‍ അല്ഭുതപ്പെടുത്തുന്നതും ദുഖിപ്പിക്കുന്നതും, നാസിസം ഒരു പ്രസ്ഥാനമാകുന്നതിനു കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ സയന്‍സിലും ഫിലോസോഫിയിലും നാഗരിഗതയുടെ മറ്റു മേഖലകളിലും മുന്നില്‍ നിന്ന ഒരു ജനത, പെട്ടെന്ന് മനുഷ്യത്വത്തിന്റെ ഏറ്റവും ദയനീയമായ ഉദാഹരണങ്ങളായി മാറി എന്നതാണ്. ഹെടെഗ്ഗേര്‍ (Heidegger)നെ പോലെ western ഫിലോസഫി തിരുത്തി കുറിച്ച മനുഷ്യര്‍ പോലും ഹിട്ലര്‍ന്റെ അനുഭാവികാളാകുകയും ക്രൂരതകള്‍ക്ക് നേരെ കണ്ണടക്കുകയും ചെയ്തു . ഒരു പൊതു ശത്രുവിനെ സൃഷ്ടിക്കുകയും 'മഹത്തായ ' തങ്ങളുടെ സംസ്കാരവും പാരമ്പര്യവും അപകടത്തിലാണെന്ന് ആള്‍ക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആണ് ഇത് സാധിച്ചത്. കലാപ കലുഷിതമായ അധിനിവേശങ്ങളുടെ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ‌ അമേരിക്കയ്ക്കും മറ്റു പല സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കും ജനതകള്‍ക്കും ഇതാണ് ഏറ്റവും വലിയ പാഠവും മുന്നറിയിപ്പും .

യുദ്ധത്തിനു ശേഷം അമേരികയുടെ കീഴിലായ പ്രദേശം വളരെ ഫലപ്രദമായി തന്നെ ഉപയോഗിച്ചു അവര്‍. കിഴക്കന്‍ യൂരോപും സോവിയറ്റ്‌ ഉനിഒനും തമ്മിലുള്ള വിനിമയങ്ങള്‍ ചാരപ്പണി ചെയ്യാന്‍ ഈ ഉയര്‍ന്ന പ്രദേശം അവര്‍ക്കൊരു വീനുകിട്ട്ടിയ നിധി പോലെ ആയി .
ഒരു വീകെണ്ടില്‍ ഞാന്‍ സുഹൃത്തുക്കളോടൊപ്പം സൈക്കിള്‍ ഓടിച്ചു പോയപ്പോള്‍ കണ്ടു. ഇപ്പോഴും ചാരപ്പണിക്കുപയോഗിച്ച antenaകളും ഉപകരണങ്ങളുമൊക്കെ തകര്‍ക്കപ്പെടാതെ കിടക്കുന്നു. നടക്കുമ്പോള്‍ അവിടവിടെ മണ്ണില്‍ നിന്നും കോണ്‍ക്രീറ്റ് കഷ്ണങ്ങളും കമ്പികളും പുറത്തേക്ക് തള്ളി നില്‍ക്കുന്നത് കാണാം. ഒരു കാലത്ത് ബെര്‍ലിന്‍ ആയിരുന്നവ!

കുന്നു കയറി ബെര്‍ലിന്‍ നന്നായി കാണാവുന്ന ഒരു സ്ഥലത്തെത്തി ദൂരെ നോക്കി കൊണ്ട് ചരിത്രത്തിന്റെ കെണികള്‍ ഓര്‍ത്ത്‌ ഞാനും ജര്‍മ്മന്‍ സുഹൃത്തുക്കളോടൊപ്പം നെടുവീര്‍പ്പിട്ടു.

Monday, October 18, 2010

തെയ്യം കലാകാരനും തെയ്യക്കാരനും




ഞങ്ങളുടെ ചെറുപ്പത്തില്‍ കതിവന്നൂര്‍ വീരന്‍ തെയ്യം കെട്ടിയിരുന്നത് കൊരേട്ടന്‍ ആയിരുന്നു. ടി വി കാണാന്‍ പോലും തുടങ്ങിയിട്ടില്ലായിരുന്ന ഞങ്ങള്‍ കുട്ടികളുടെ ആരാധ്യ പുരുഷന്‍. ഒന്നു രണ്ടു മണിക്കൂര്‍ പയറ്റും പയറ്റി, ഗാംഭീര്യത്തില്‍ തോറ്റവും ചൊല്ലി, കതിവന്നൂര്‍ വീരനായി ഇറങ്ങി വരുന്ന കൊരേട്ടനെ ഞങ്ങള്‍ സാറ്റ് (ഒളിച്ചും പാത്തും ) കളിയുടെ ഇടവേളകളില്‍ കൌങ്ങിന്റെ പാളയും തെങ്ങിന്റെ ഓലയും കെട്ടി അനുകരിക്കുമായിരുന്നു. ടി വി കണ്ടു തുടങ്ങിയപ്പോള്‍, തെങ്ങിന്‍ മടലുകൊണ്ട് ക്രിക്കറ്റ്‌ കളിക്കുന്ന ഇടവേളകളില്‍, മോഹന്‍ ലാലും കീരിക്കാടന്‍ ജോസുമായി കെട്ടിമറിഞ്ഞ് കൊണ്ട് അടികൂടുന്നതിനു വര്‍ഷങ്ങള്‍ക്കു മുംപാണിത് .

ഇന്ന്‍ , തെയ്യം എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ നിറയുന്നത് രാത്രിയില്‍ പല സമയങ്ങളിലായി വീട്ടിലേക്ക് ഉണര്‍ന്നു കേള്‍ക്കുന്ന ചെണ്ടയുടെ ഒച്ചയും , ദൂരെ വളപ്പുകളിലൂടെയും പാട വരമ്പത്തൂടെയും ചൂട്ടും കത്തിച്ചുള്ള ആളുകളുടെ പടയുമാന്ന്‍. വീട്ട്ന്റെ അട്ത്തുള്ള കതിവന്നൂര്‍ വീരന്റെ കാവില്‍ രാവിലെ അഞ്ചു മണിക്ക് അടുപ്പിച്ച്ചാണ് തെയ്യത്തിന്റെ കീയല്‍ ( കാവിലെക്കുള്ള ഇറക്കം). ഇറങ്ങാനാകുംപോളുള്ള ഉറക്കെയുള്ള കൊട്ടും '..ചെമ്മരത്തീ ...' എന്ന് നീട്ടി പിടിച്ചുള്ള തോറ്റവും കേട്ട് കൊണ്ട് ഉറക്കത്തില്‍ നിന്നെഴുന്നേറ്റു, 'ഇറങ്ങിയോ, ഇല്ലയോ' എന്നുള്ള സംശയത്തോടെ ചൂട്ടും കത്തിച്ചു കൊണ്ട് ഒറ്റ ഓട്ടമാണ്. ഓടിയെത്തുമ്പോള്‍ പലപ്പോഴും തോറ്റം തീര്‍ന്നിട്ടുണ്ടാവില്ല. ഓല മറചിട്ടുണ്ടാക്കിയ അണിയറയില്‍ തെയ്യം കെട്ടല്‍ നടക്കുന്നുണ്ടാവും. ഞാന്‍ ആലോചിക്കും ഇനി രണ്ടു മൂന്നു മണിക്കൂര്‍ തെയ്യവുമാടി അരയാക്കിലുള്ള പഴയ ജന്മിയുടെടടുത്തെക്കും അവിടുന്ന് ചുഴലി ഭാഗവതീന്ടടുത്തെക്കും മൂന്നു നാല് കിലോമീറ്റര്‍ പൊരി വെയിലത്ത് നടന്ന്‍ വൈകുന്നേരം മുടി അഴിക്കും വരെ ഒന്നു മൂത്രമോഴിക്ക്വ പോലും ചെയ്യാണ്ട് എങ്ങനെ ന്ക്കാന്‍ പറ്റുന്ന്‍ എന്ന്‍.

അമ്പലങ്ങളില്‍ പോകാന്‍ ഞങ്ങളുടേത് പോലെ ഉള്ള പാര്‍ടിക്കാരുടെ കുടുംബങ്ങള്‍ക്കൊക്കെ മടി ഉണ്ടായിരുന്നെങ്കിലും കാവുകള്‍ക്ക് ആ പ്രശ്നമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും 'പറശ്ശിനി മടപ്പുര' പാര്ടിക്കാരുടെ സ്വന്തം കാവെന്നും അവിടത്തെ 'മുത്തപ്പന്‍ ' തെയ്യം ആദിമ കമ്മ്യുനിസ്ടാനെന്നും നാട്ടുകാര്‍ പറയാറുണ്ട് . അതുകൊണ്ട് 'പറശ്ശിനി'യില്‍ പോക്കും പുഴ കടന്ന്‍ അക്കരെ ഉള്ള പ്രശാന്ത സുന്ദരമായ കള്ള് ഷാപ്പില്‍ നിന്നും 'നിവേദ്യവും ' കപ്പയും മീനും കഴിക്കലും പല നാട്ടുകാരുടെയും ഒഴിവു ദിവസത്തിലെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജാതി മത ഭേദമില്ലാതെ എല്ലാ നാട്ടുകാരും ഒത്തു കൂടുന്ന ഒരുല്സവമായിരുന്നെങ്കിലും തെയ്യം കേട്ടുന്നതിനും ചെണ്ട കൊട്ടുന്നതിനും ജാതി തിരിച്ചുള്ള കീഴ്വഴക്കങ്ങള്‍ ഇന്നും നില നില്‍ക്കുന്നുണ്ട്. വീടിന്റടുത്ത് തന്നെ ഒരേ കാവില്‍ വര്‍ഷത്തില്‍ രണ്ടു സമയങ്ങളിലായി നമ്പിയാന്മാരും തീയ്യരും അവരുടെതായ തെയ്യം കഴിക്കുന്നു. ഒരേ തെയ്യം തന്നെ പല ജാതിക്കാര്‍ കെട്ടുമ്പോള്‍ പുരാവൃത്തങ്ങളിലും തോറ്റങ്ങളിലും രസകരമായ വ്യത്യാസങ്ങളുണ്ട് . വിഷ്ണു നാരായണന്‍ (നമ്പൂതിരി) എഴുതിയ 'തോറ്റങ്ങള്‍' എന്ന ഫോകലോര്‍ കൃതി എല്ലാ തെയ്യക്കാരും ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ഇങ്ങനെ ഉള്ള വ്യത്യാസങ്ങളൊക്കെ പലതും അപ്രത്യക്ഷങ്ങള്‍ ആയതായി ഒരു തെയ്യക്കാരന്‍ പറഞ്ഞു.

പരിഷത്തുകാര്‍ കലാ ജാഥയുടെ ഭാഗമായി ജാതി ഒന്നും നോക്കാതെ ആചാരങ്ങളൊന്നും ചെയ്യാതെ തെയ്യ കോലങ്ങള്‍ റോഡിലൂടെ നടത്തിച്ചപ്പോള്‍ പല നാട്ട്ടുകാരും, 'തെയ്യം കേട്ട്യോന്റ്യല്ലം തല പൊട്ടി തെറിക്ക്ന്നത് ന്ങ്ങള്‍ കണ്ടോ'ന്നു പറഞ്ഞെങ്കിലും കലാജാഥയുടെ ഭാഗമായുള്ള ചില പടക്കങ്ങള്‍ പോട്ടിയാതെ ഉള്ളൂ.

വീടിന്റെ മുന്ന്‍ലൂടെ ഒഴുകുന്ന തോടിനെ 'കോരന്റെ തോട് ' എന്നാണു എല്ലാവരും വിളിച്ചിരുന്നത്. ഈ കോരന്‍ തന്നെയാണോ ഞങ്ങളുടെ വീര പുരുഷനായ കൊരേട്ടന്‍ എന്ന് ഞങ്ങള്‍ പ്ളെരോക്കെ തര്‍ക്കിച്ച്ചിര്‍ന്നെങ്കിലും, കാലം പോയപ്പോ ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായി മറ്റു പലതിനോപ്പം അതും കെട്ടടങ്ങി. കഴിഞ്ഞ പത്തോളം വര്‍ഷങ്ങളായി തളിപ്പരംബ് താലൂക്ക് ആശുപത്രി (ധര്മ്മാശ്വത്രി) യുടെ മുന്നിലൂടെ പോകുമ്പോള്‍ അതിനു മുന്നിലുള്ള കൊരെട്ടന്റെ തട്ട് കട കണ്ട്‌ ഞാന്‍ നോക്കാറുണ്ട് . ചിലപ്പോള്‍ ഇറങ്ങി ചായേം സുഗിയനോ, ഉള്ളി വടയോ അടിക്കാറുമുണ്ട് . തെയ്യം കെട്ടലിന്റെ അധ്വാനവും കള്ള് കുടിയും കാരണമായിരിക്കാം ആള് രോഗവാനാകുകയും പിന്നീട് ഭാര്യയോടൊപ്പം തട്ട് കടയിലേക്ക് കടക്കുകയും ചെയ്യുകയുമാന്‍ ഉണ്ടായത് .

'എന്ത്ണ്ടെടോ...... ആട്ടപ്പ നീ ഞങ്ങള്യോന്നും മറന്നില്ലല്ല ' എന്ന് വേറെ ഏതൊരു നാട്ടുകാരനും എന്നോട് ചോദിക്കുന്നത് പോലെ കൊരെട്ടനും ഒന്നു ചോദിക്കാന്‍ ഞാന്‍ കൊതിച്ചിരുന്നു. പക്ഷെ അത് ഒരിക്കലും സാധ്യമായിരുന്നില്ല. കാരണം, ഞങ്ങള്‍ എന്നും അപരിചിതരായിരുന്നു.

Monday, June 28, 2010

ബെര്‍ലിന്‍ വാര്‍ത്തകള്‍ - ഭാഗം 2

ഇന്ന് മമ്മായെ കാണാന്‍ പോകാന്‍ യാതൊരു സാധ്യതയും ഇല്ലാത്തതാണ് . ഒരാഴ്ച മുമ്പ് തന്റെ 60മത് ബര്ത്ഡേക്ക് മമ്മയെ കണ്ടതാണ്. പക്ഷെ, ഉള്‍റിക്ക്  നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അവള്‍ക്ക് മമ്മയെ കാണാന്‍ വലിയ താല്പര്യമൊന്നുമില്ലാത്തതാണ് സാധാരണ. മനസ്സില്ലാ മനസ്സോടെ വന്നത് കൊണ്ടാണോ എന്നറിയില്ല, ഓര്‍മ്മകള്‍ ശല്യപ്പെടുത്തി കൊണ്ടിരിക്കുന്നു. സ്പൈനിലെ ആശ്രമത്തില്‍ ഒരുമിച്ചുണ്ടായിരുന്ന കാര്‍ലോസ്  കണ്ണ്‍ ഇറുക്കിയും, ഋഷികേശിലെ  മഹര്‍ഷി ധ്യാനഗംഭീര്യത്തോടെയും , ഇറാനിലെ ബസ്‌ ഡ്രൈവര്‍ ഉറക്കചവടോടെയും ഓര്‍മ്മകളിലേക്ക് തികട്ടി വരുന്നു. ഓര്‍മ്മകള്‍ വേട്ടയാടുമ്പോള്‍  സാധാരണന ചെയ്യാറുള്ളത് പോലെ, കാര്‍ന്റെ വേഗം കൂട്ടി .

"ഇത് ബെര്‍ലിനിലെ ഓട്ടോ ബാണ്‍ അല്ല. വെറും കണ്‍ട്രി സൈഡ് ആണ്. വല്ല മൃഗങ്ങളും കുറുകെ വീഴും" എന്ന്  ഉള്‍റിക്ക് വിളിച്ചു പറയുന്നു. 

സാധാരണ വീട്ടില്‍ ചെന്നാണ് ഞാന്‍ മമ്മയെ കാണാറ്. ഇന്ന് ഞാന്‍ പണ്ടു തങ്ങിയ ടോര്മിടോരിയിലേക്ക് വരാനാണ് മമ്മ പറഞ്ഞത് .
 
ടോര്മിടോരി ഇപ്പോഴും വലിയ മാറ്റം ഒന്നുമില്ലാതെ നില്‍ക്കുന്നു. കാര്‍ പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലം നോക്കുമ്പോഴാണ് വിവിധ നിറത്തിലുള്ള റിബണ്‍കള്‍ ടെറസ്സില്‍ കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോള്‍  വിശ്വസിക്കാനായില്ല . മമ്മയ്ക്കും മക്കള്‍ക്കും ഒപ്പം തനിക്ക് എന്നും പ്രിയപ്പെട്ടവര്‍. അതില്‍ അറിയാത്തത് ആകെ ഒരു ഇന്ത്യന്‍ മുഖം മാത്രം. ബാക്കിയെല്ലാം എന്നും ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍. തന്റെ യുവത്വം പങ്കുവച്ചവര്‍ !!

തരിച്ചു നില്‍ക്കുമ്പോള്‍ ഉള്‍റിക്ക് കെട്ടിപ്പിടിച്ചു, ചുംബിച്ചു, കാതില്‍ എന്തോ പറഞ്ഞു. ഇപ്പോള്‍ എല്ലാം വ്യക്തമായ് വരുന്നു. ഇത് പ്രിയപ്പെട്ടവര്‍ തനിക്ക് തന്ന വിലമതിക്കാനവാത്ത സമ്മാനം !

ഹസ്സെയെയും  അയാളുടെ ഗേള്‍ ഫ്രണ്ട് ഉള്‍റിക്ക്നെയും റിബണ്‍കള്‍ വീശി വരവേറ്റ കൂട്ടത്തില്‍ ഹസ്സെ അറിയാത്ത ആ ഇന്ത്യന്‍ മുഖം ഞാനാണ്. അന്ന് രാവിലെ ഹസ്സെ കടന്നു പോയിരിക്കാവുന്ന വിചാരങ്ങള്‍ ഞാന്‍ ഭാവന ചെയ്യ്കയായിരുന്നു. ഹസ്സെയുടെ നിയമപ്രകാരമുള്ള രണ്ടു മക്കളില്‍ ഒരാളായ മാര്‍ട്ടിന്റെ ക്ഷണം സ്വീകരിച്ചാണ് ഞാന്‍ ഹസ്സെക്കുള്ള സര്‍പ്രൈസ് ബര്ത്ഡേ ആഘോഷത്തിന് കാസ്സില്‍ എന്ന നഗരത്തിനടുത്തുള്ള ഗ്രാമത്തിലേക്ക് പോയത്. ആ ഗ്രാമത്തിലാണ് മാര്‍ട്ടിന്റെ അമ്മൂമ്മ താമസിക്കുന്നത്.  കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്നത് പോലെ മാര്‍ട്ടിന്റെ ഫാദര്‍ തന്റെ തിരക്കിനിടയില്‍ മമ്മയെ കാണാന്‍ വരുന്നു. മാര്ടിനും അമ്മൂമ്മയും ചേര്‍ന്നുണ്ടാക്കിയ പ്ലാന്‍ ഇങ്ങനെ യാണ്. എന്നത്തെയും പോലെ ഹാസ്സെ വരുന്നു. പക്ഷെ ഹാസ്സെയെ കാത്തിരിക്കുന്നത് മമ്മയോടും മക്കളുമോടൊപ്പം  തന്റെ യുവത്വത്തിലെ കൂട്ടുകാരായിരിക്കും !! 60മത് ബര്ത്ഡേ ഒരാഴ്ച മുമ്പ്  വലിയ ആഘോഷമോന്നുമില്ലാതെ കടന്നു പോയത് കൊണ്ട് ഹസ്സെക്ക് ഒരു  സംശയവും ഉണ്ടാവുന്നില്ല.

ഞാന്‍ എങ്ങനെ ഇതില്‍ പെട്ടെന്നല്ലേ. എവിടെയെത്തിയാലും സാധാരണ സംഭവിക്കുന്നത്‌ പോലെ ഞാന്‍ ലോക സിനിമയില്‍ താല്പര്യമുള്ള ആളുമായി പരിച്ചയമാകുന്നു. വിക്തോര്‍ എന്നാ റഷ്യക്കാരന്‍. നരച്ച പുരികവും നീണ്ട മുടിയുമുള്ള വിക്തോര്‍ ആണ് ഗസ്റ്റ് ഹൌസില്‍ സിനിമ കാണിക്കുന്നതിനുള്ള ഇന്‍ചാര്‍ജ്. ആളിന്റെ അച്ചന്‍ നല്ല വായനക്കാരനും എഴുത്തുകാരനുമാണ്. അച്ചനെ പോലെ വായിക്കാന്‍ സാധിക്കാത്ത പുതു തലമുറയിലെ അംഗമായത് കൊണ്ട് നല്ല സിനിമകല്‍ കണ്ടു വോക്ടോര്‍ കുറവ് നികത്തുന്നു. വിക്തോര്‍ഇന് ഒരു നല്ല ഇന്ത്യന്‍ സിനിമ കാണണമെന്ന് പറഞ്ഞു. ഞാന്‍ പതേര്‍ പാഞ്ജലിയുടെ ജര്‍മന്‍ subtitleകിട്ടുമോന്നു നോക്കാന്‍ പറഞ്ഞു (ഇംഗ്ലീഷ് ശരിക്ക്  അറിയാവുന്നവര്‍ കമ്മി). മറ്റെല്ലാ ഭാഷയിലും subtitle ഉണ്ടെങ്കിലും ജര്‍മന്‍ല്‍ മാത്രമില്ല. അവസാനം ഇംഗ്ലീഷ് subtitle  കൊണ്ട് അഡ്ജസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു അത് സ്ക്രീന്‍ ചെയ്യാമെന്ന് തീരുമാനിച്ചു. മറ്റെല്ലാ ഇടത്തെയും പോലെ ഇവിടെയും ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും ഹോളിവുഡ് മാത്രമാണ്‍ സിനിമ.


പബ്ലിസിറ്റി കൊടുത്തിട്ടും ആകെ മൂന്നു പേര്‍ മാത്രമാണ് സിനിമ കാണാന്‍ ഉണ്ടായത് ( വിക്ടോരും, മാര്‍ട്ടിനും, ഞാനും). സിനിമ മറ്റു രണ്ടു പേര്‍ക്കും ഇഷ്ടപ്പെട്ടു. അവസാനം മാര്‍ട്ടിന്‍ ഞങ്ങളെ ഫാദര്‍ന്റെ ബിര്ത്ടയ്ക്കു ക്ഷണിച്ചു.  വിക്ടോറിന്റെ ഫാദര്‍ ആ ആഴ്ച  ആളെ കാണാന്‍ വരുന്നതുകൊണ്ട്, എന്നെ മാര്‍ട്ടിന്‍ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. ഹാസ്സെ 40 -50 പ്രാവശ്യം ഇന്ത്യയില്‍ പോയിട്ടുണ്ട്. ആള്‍ക്ക് ഇന്ത്യ എന്ന് വച്ചാല്‍ ജീവനാണ്, ഇന്ത്യയില്‍ പോയി കറങ്ങലും ഫോട്ടോ എടുപ്പുമാണ് ആളുടെ പ്രധാന പരിപാടി, എന്നൊക്കെ. ഒരു ഇന്ത്യക്കാരന്‍ ഉണ്ടായാല്‍ ഹാസ്സെക്ക് ഭയങ്കര സന്തോഷമാവുമെന്നു മാര്‍ട്ടിന്‍ പറഞ്ഞു കൊണ്ടിരുന്നു. ഒന്നുമില്ലെങ്കില്‍ നല്ല ഭക്ഷണവും  മദ്യവും  ഉണ്ടാവുമെന്ന് വിചാരിച്ചു  ഞാന്‍ സമ്മതനായി. പിന്നെ ജര്‍മന്‍ ജീവിതം അടുത്തറിയാനുള്ള അവസരവും. അവിടെ എല്ലാം വയസ്സന്മാരും കിളവികളും  ആയിരിക്കുമെന്നും , ബീറും വിനും മാത്രമേ ഉണ്ടാവൂ എന്നും മാര്‍ട്ടിന്‍ എന്നെ പ്രത്യേകം ഓര്‍മ്മിപ്പിചിരുന്നു.

അന്ന് രാവിലെ ബെര്‍ലിനിലെ ഔട്ടെര്‍ ബാണ്‍ ലൂടെ കാര്‍ 200km വേഗത്തില്‍ പറക്കുകയാണ്. ഞങ്ങള്‍ (ഞാനും,മാര്‍ട്ടിനും, മാര്‍ട്ടിന്റെ അങ്കിള്‍ഉം) ബെര്‍ലിനില്‍ നിന്നും വരികയാണ്. ഞാന്‍ പുറത്തെ പ്രകൃതിയും ചരിത്ര സ്മാരകങ്ങളും നോക്കി ഇരുന്നു.

മാര്‍ട്ടിന്‍ പറഞ്ഞു കൊണ്ടിരുന്നു. ഇതായിരുന്നു വടക്കന്‍ ബെര്‍ലിനെ വടക്കന്‍ ജര്‍മ്മനിയുമായി ബന്ധിപ്പിച്ചിരുന്ന ഏക പാത. മറ്റ് ഇടങ്ങളിലോക്കെ മതില്‍ വളഞ്ഞിരിക്കുകയായിരുന്നു.  അവിടവിടങ്ങളിലായി അമേരിക്കക്കാരും റഷ്യക്കാരും  ഉപയോഗിച്ചിരുന്ന, ഇപ്പോഴും നശിക്കാതെ ഇരിക്കുന്ന ചെക്ക്‌ പോസ്റ്റുകള്‍ കാണാം. ഒരു മഞ്ഞ നിറത്തിലുള്ള പഴയ ambassador കാര്‍ പോലെയുള്ള ഒരു കാര്‍ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി വലിയ തിരക്കൊന്നുമില്ലാതെ മെല്ലെ പോകുന്നുണ്ടായിരുന്നു. മാര്‍ട്ടിന്റെ അങ്കിള്‍ അതിനെ കാണിച്ചു പറഞ്ഞു. "ഇതാണ് ഈസ്റ്റ്‌ ജര്‍മ്മനിയില്‍ സര്‍കാര്‍ ഉടമസ്ഥതയില്‍ ഉണ്ടാക്കിയിരുന്ന കാര്‍. ആള്‍ക്കാര്‍ ഈ കാറിനു വേണ്ടി 10 വര്ഷം രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കണമായിരുന്നു. 20 വര്‍ഷത്തോളം അതിന്റെ ടെക്നോളജി മാറാതെ നിന്നു." ഇപ്പോള്‍ റെയില്‍വേ ഒഴികെ മറ്റെല്ലാം ജര്‍മ്മനിയില്‍ സ്വകാര്യവല്‍ക്കരിചിരിക്കുന്നു. ബ്രെഹ്തിന്റെ നാടക കമ്പനി പോലും. ഞാന്‍, അപ്പോള്‍ എന്റെ സംസ്ഥാനത്തില്‍ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആണ് ഭരിക്കുന്നത് എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ക്ക് പലതരം സംശയങ്ങള്‍. അവിടെ വിപ്ലവവും യുദ്ധവും ഒന്നും നടന്നില്ലേ? എല്ലാ വ്യവസായവും സര്‍കാര്‍ ആണോ നടത്തുന്നത് ? ഞാന്‍ നമ്മുടെത് 'തിരഞ്ഞെടുക്കപ്പെട്ട ' കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആണെന്നും, സഹകരണ പ്രസ്ഥാനങ്ങളൊക്കെ നടത്തിയും, സ്വകാര്യവല്‍ക്കരനത്തിനെതിരെ സമരം ചെയ്തും മറ്റും തട്ടി മുട്ടി രക്ഷപ്പെട്ടു പോകുന്നു എന്നും പറഞ്ഞൊപ്പിച്ചു.

ഈസ്റ്റ്‌ ബെര്‍ലിനടുത്തെത്തുള്ള പ്രദേശത്തൂടെ പോയപ്പോള്‍ ഈ വഴിയിലൊക്കെ ഡോളറിനു വെറി പിടിച്ചു ഈസ്റ്റ്‌ ജര്‍മന്‍ പോലിസ് കാത്തു നില്‍ക്കാറുണ്ടായിരുന്നു എന്ന് മാര്‍ട്ടിന്‍ പറഞ്ഞു. സോവിയറ്റ്‌ യുണിഅനും കിഴക്കന്‍ യുറോപ്ഉം ഈസ്റ്റ്‌ ജര്‍മ്മനിയും ചേര്‍ന്ന്‍ ഡോളര്‍ നിയന്ത്രിതമായ മാര്‍ക്കറ്റ്‌നു ബദല്‍ ആയി  comecon ഉണ്ടാക്കിയ കാലം. യൂരോപിന്റെ വടക്കന്‍  ഭാഗങ്ങളില്‍ നിന്നു വല്ലതും വാങ്ങിക്കണമെങ്കില്‍ ഡോളര്‍ വേണം. അതിനായി  ഇതിലൂടെ  വണ്ടികള്‍ കടത്തി വിടാന്‍ വേണ്ടി ഈസ്റ്റ്‌  ജര്‍മന്‍ പോലിസ്  കൈയ്യില്‍ നിന്നും ഡോളര്‍ വാങ്ങിച്ചിട്ടുണ്ട് എന്ന് അങ്കിള്‍ പറഞ്ഞു. പുസ്തകങ്ങളും ആഹാര സാധനങ്ങളും വില കുറച്ചു കിട്ടാന്‍ വേണ്ടിയും, സുഹൃത്തുക്കളെ കാണാന്‍  വേണ്ടിയും,  അവര്‍ ഈസ്റ്റ്‌ ജര്‍മ്മനി യില്‍ പോയി വരാറുണ്ടായിരുന്നു. അപ്പോള്‍ ഇവര്‍ ചിലപ്പോള്‍ കരുതുന്ന ഗുണമേന്മയുള്ളതും ആദംബരവുമായുള്ള  സാധങ്ങള്‍ ഈസ്റ്റ്‌ ജര്‍മന്‍കാരെ ആകര്‍ഷിച്ചിരുന്നു. ആ ആകര്‍ഷണം മതില്‍ പോളിപ്പിക്കുന്ന രീതിയിലേക്ക് വരെ എത്തി. മതില്‍ പൊളിഞ്ഞത് കൊണ്ട് ഒരിക്കലും പങ്കെടുക്കാന്‍  സാധിക്കില്ലെന്ന് വിചാരിച്ചിരുന്ന പല സുഹൃത്തുക്കളുടെയും കല്യാണം കൂടാന്‍ പറ്റിയെന്നു അങ്കിള്‍ പറഞ്ഞു.

ജര്‍മ്മനിയുടെ നാട്ടുമ്പുറം മനോഹരമാണ്. ' പച്ചയാം  വിരിപ്പിട്ട സഹ്യന്‍' എന്ന് നമ്മള്‍ അഭിമാനം കൊള്ളുന്നതിനെക്കാള്‍ മനോഹരം. നാട്ടുമ്പുറംങ്ങള്‍ പിന്നിട്ടു ഞങ്ങള്‍ ടോര്മിടോരിയില്‍ എത്തിയപ്പോള്‍ അവിടെ അമ്മൂമമ്മയും മറ്റുള്ളവരും ത്രില്ലില്‍ ആണ്.  ഹസ്സെക്ക് ഗേള്‍ ഫ്രണ്ടില്‍ ഉണ്ടായ രണ്ടു പെണ്മക്കളും ഉണ്ട്. ഒരാള്‍ സുന്ദരി(പക്ഷെ വിവാഹിത ) .  മറ്റേ ആള്‍  അത്ര സുന്ദരിയല്ലെങ്കിലും സ്വവര്‍ഗ്ഗ പ്രേമിയാണ്‌.  partner ഒരുമിച്ചുണ്ട്. ഹസ്സെ ഗേള്‍ ഫ്രണ്ടിനെ ഇത് വരെ കല്യാണം കഴിച്ചിട്ടില്ല.  

ഹസ്സെ അറുപതുകളിലെ ആരാജകത്വത്തിന്റെയും, ജീവിതത്തിന്റെ അര്‍ത്ഥം അനുഎഷിക്കല്‍ന്റെയും തലമുറയില്‍ പെട്ട ആളാണ്‌. അസ്തിത്വ ദുഃഖം തലയ്ക്കു പിടിച്ചു, പള്ളി പ്രമാണം ഒക്കെ ഉപേക്ഷിച്ച്, ഹിപ്പി ആയി ബീറ്റില്‍സ് ഹരവുമായി അലഞ്ഞു നടക്കുമ്പോഴാണ് ഇന്ത്യ ഒരു ബാധയായി ഹസ്സെയെ പിടികൂടുന്നത് . ഇതിനു കാരണമോ,  ബീട്ലെസ് 68 ഇല്‍ trancedental meditationഇല്‍ ഹരം കയറി മഹേഷ്‌ യോഗി യുടെ ശിഷ്യരായി റിഷികേശില്‍ എത്തുന്നത് ( കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/The_Beatles_at_Rishikesh). തങ്ങള്‍ യേശുവിനെക്കാള്‍ പ്രശസ്തരാനെന്നു ബീറ്റില്‍സ് പ്രഖ്യാപിച്ചു അധികം കഴിയുന്നതിനു മുമ്പായിരുന്നു ഇത്. ഊര് തെണ്ടിയായ ഹാസ്സെക്ക് ഇന്ത്യയിലേക്ക് കപ്പലിനും വിമാനത്തിനോന്നും കൈയ്യില്‍ കാശില്ല . അവസാനം ഇറാനിലേക്ക് പോകുന്ന ഒരു ബസ്സിനെ പറ്റി സുഹൃത്ത് വഴി അറിഞ്ഞു. പോളണ്ടും സോവിയറ്റ്‌ യുണിയനും തുര്‍ക്കിയും കടന്നു ഇറാനിലെത്തി. ഇവിടെയൊന്നും ഹസ്സെക്ക് ജീവിതത്തിന്റെ അര്‍ത്ഥം കിട്ടിയില്ല :-). ഇറാനില്‍ നിന്നും പാകിസ്ഥാനിലേക്ക് വേറൊരു ബസ്‌ വഴി. പാക്കിസ്ഥാന്‍ഇല്‍ നിന്നും ഫ്ലൈറ്റ് വഴി ഇന്ത്യ യില്‍ എത്തി എന്നാണു ഹസ്സെ എന്നോട് പറഞ്ഞത്.  ഇതേ സമയം ഹസ്സെ ഇന്ത്യയിലേക്ക് പോയതറിഞ്ഞ് മകനെ തിരിച്ചു കൊണ്ടുവരാനായി മമംയും ഇന്ത്യയിലെത്തി.  പോസ്റ്റ്‌ കാര്‍ഡുകള്‍ വഴി കിട്ടിയ അഡ്രെസ്സ് തപ്പി പിടിച്ചു മമ്മ അവസാനം മകനെ ഇന്ത്യയില്‍ കണ്ടുമുട്ടി. ജീവിതത്തിന്റെ അര്‍ത്ഥം അനുഎഷിക്കല്‍ന്റെ ഇടക്ക് ഹസ്സെയും മകന്റെ അന്യെഷനത്തിനിടക്ക് മമ്മയും തങ്ങള്‍ കണ്ട ഇന്ത്യയുമായി സ്നേഹത്തിലായി.

നമ്മള്‍ ഇപ്പോള്‍ ധാരാളം കാണുന്ന ആള്‍ ദൈവങ്ങളുടെയും ഭക്തി വ്യവസായത്തിന്റെയും 'ശിഷ്യ' കളുമായുള്ള 'ബന്ധ' ങ്ങളുടെയും ആദ്യ പഥികരില്‍ ഒരാളായിരുന്നു മഹേഷ്‌ യോഗി. ബീറ്റില്‍സ് ആഴ്ചകക്കകം ഇന്ത്യ വിട്ടെങ്കിലും, ഹസ്സെ 4 വര്‍ഷത്തോളം ചിട്ടയായ ധ്യാനത്തോടെ പിടിച്ചു നിന്ന. ഹസ്സെ പറയുന്നത്, ആ ജീവിതം തന്ന സമാധാനത്തിനിടയ്ക്ക് തനിക്കു ചുറ്റും നടക്കുന്നതിന്റെ സത്യം മനസ്സിലാക്കാന്‍ താന്‍ വൈകി എന്നാണു. അവസാനം തന്റെ ജീവിതത്തിന്റെ കര്‍മ്മവും അര്‍ത്ഥംവും താന്‍ തന്നെ കണ്ടെത്തണമെന്ന ആത്യന്തിക സത്യം മനസ്സിലാക്കി ഹസ്സെ ഇന്ത്യ വിട്ടു. പിന്നീട് പലപ്പോഴായി തിരിച്ചു വരാനായി !!

സ്പൈന്‍ഇല്‍ ഒരു ദ്വീപില്‍ കാര്‍ലോസ് എന്നാ സുഹൃത്തുമായി ഒരു ആശ്രമം തുടങ്ങി അവിടെ യോഗയും മറ്റും പഠിപ്പിച്ച് കൂടി എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. പക്ഷെ, ഇന്ത്യ ഹസ്സെ യെ സ്വപ്നത്തില്‍ മാടി വിളിച്ചു കൊണ്ടിരുന്നു. പലപ്പോഴായി ഇന്ത്യയിലെ പല ഭാഗങ്ങളിലുമായി ഹസ്സെ വന്നിട്ടുണ്ട്. അവസാനം വന്നത് കഴിഞ്ഞ കുംഭ മേളക്കാണ് . പണ്ട് റിഷികേശില്‍ ഒപ്പമുണ്ടായിരുന്ന ചിലരെ ഒക്കെ കാണാന്‍ പറ്റി എന്നത് വലിയ കാര്യമായി ഹസ്സെ കരുതുന്നു. കേരളത്തിലെ കപ്പയും മീന്‍ കറിയുമൊക്കെ ഹസ്സെക്ക് പ്രിയപ്പെട്ടതാണ് . ഹസ്സെയുടെ ഭാര്യ എന്നും നല്ല പിന്തുണയായിരുന്നു. മാര്‍ട്ടിന്‍ ജനിച്ചതും ചെറുപ്പം ചിലവിട്ടതും ഇന്ത്യയിലാണ്. 20 വര്‍ഷത്തോളമായി ഹസ്സെയും മാര്‍ട്ടിന്റെ മമ്മയും  പിരിഞ്ഞിട്ട്.  അവര്‍ തമ്മില്‍ സംസാരിക്കാത്തതാണ് മാര്‍ട്ടിന്റെ ഏറ്റവും  വലിയ ദുഃഖം.  ഇന്നീ ആഘോഷത്തില്‍ മാര്‍ട്ടിന്റെ  മമ്മ  കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ചു . പക്ഷെ ഹസ്സെയും മാര്‍തിനും ശരിക്കും സന്തോഷിക്കുന്നുണ്ട്. കേക്ക് മുറിക്കലിന്  ശേഷം ടോന്ഗോ യില്‍ നിന്നുള്ള ഒരാള്‍ അവരുടെ ഭാഷയില്‍ മനോഹരമായി  ഹാപ്പി ബര്ത്ഡേ പാടി.  അതിനു ശേഷം, ഒരു evangelist church ഇല്‍ പോയി തിരിച്ചു നടക്കുമ്പോള്‍  മാര്‍ട്ടിന്റെ സുന്ദരിയായ പെങ്ങള്‍ പറഞ്ഞു. ജര്‍മന്‍ ചരിത്രത്തിലെ ഏറ്റവും മഹത്തായ എട് , രണ്ടാം ലോക യുദ്ധത്തിനു ശേഷം പെണ്ണുങ്ങള്‍ ഒറ്റയ്ക്ക് ജര്‍മ്മനി കെട്ടി പൊക്കിയതാണ്.  ആണുങ്ങളൊക്കെ മരിച്ച്ചിരുന്നതിനാല്‍ ഒരു പുതിയ തലമുറയെ അവര്‍ ഒറ്റയ്ക്ക് വളര്‍ത്തുകയും ചെയ്തു. ബെര്‍ലിനിലെ ചില ഏച്ചു കൂട്ടിയുണ്ടാക്കിയിരിക്കുന്ന  ബില്ടിംഗ്കള്‍ കണ്ടാല്‍ അത്  മനസ്സിലാകും.

എന്താണ് evangelist church മറ്റു പള്ളികളില്‍ നിന്നുള്ള വ്യത്യാസം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മാര്‍തിനും പെങ്ങന്മാര്‍ക്കും വല്യ ഐഡിയ ഒന്നുമില്ല . ഞാന്‍ പിന്നീട് ശരിക്ക് അനുഎഷിചപ്പോള്‍ മാര്‍ട്ടിന്‍ ലുതെര്‍ എന്നാ ജര്‍മന്‍ കാരനാണ് സംഭവം തുടങ്ങിയത്. മതത്തെ പറ്റി ജര്‍മന്‍കാര്‍ക്ക് പ്രത്യേകിച്ച് പുതു തലമുറക്ക് അത്ര താല്പര്യമൊന്നുമില്ല എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാമെന്നു മാര്‍ട്ടിന്‍ പറഞ്ഞു. ഗുണ്ടെര്ട്ട് എന്നാ ജര്‍മന്‍ ആണ് ആദ്യത്തെ മലയാളം നിഖണ്ടു ഉണ്ടാക്കിയതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ ഒരു കാര്യത്തെ പറ്റി അവര്‍ കേട്ടിട്ടേ ഇല്ല . ഗോതെയുടെ  കാലത്ത് നിന്നും ജര്‍മന്‍ ഭാഷ വളരെ മാറിയിരിക്കുന്നു എന്നവര്‍ പറഞ്ഞു . പ്രത്യേകിച്ചും ഇംഗ്ലീഷ്ന്റെ സ്വാധീനം. ഞാന്‍ വീട്ടിലോട്ടു ഏചിയുടെ ഭര്‍ത്താവിനെ വിളിച്ചു . ഞാന്‍ മലയാളത്തില്‍ സംസാരിക്കുന്നത് കൌതുകത്തോടെ നോക്കി നിന്ന മാര്‍ട്ടിന്‍ പെട്ടെന്ന്‍ ഒരു തിരിച്ചറിവ് പോലെ പറഞ്ഞു "this is globalisation !!".

വൈകുന്നേരം പ്രോജെക്ടര്‍ വച്ചു ഹസ്സെയുടെ ജീവിതത്തിലെ വിവിധ ഭാഗങ്ങള്‍ ഫോടോകളായി കാണിച്ചു. ഹസ്സെയും മമ്മയും സുഹൃത്തുക്കളും ഓരോ ഫോടോയ്ക്ക് പിന്നിലുള്ള കഥകളും പറഞ്ഞു കൊണ്ടിരുന്നു. രാത്രി വൈറ്റ് വിനും കുടിച്ചു ഉന്മത്തനായി ടോര്മിടോരിയില്‍ കിടക്കാന്‍ പോയപ്പോള്‍ അവിടെയുള്ള ഡബിള്‍ കോട്ട് എന്നെ  നവോദയയില സ്കൂള്‍ ജീവിതം ഓര്‍മ്മിപ്പിച്ചു. പിറ്റേ ദിവസം രാവിലെ ബോട്ട് റേസ് നടത്താന്‍ ഞങ്ങള്‍ അടുത്തുള്ള ഒരു തോട്ടിലേക്ക് പോയി. എനിക്ക് ബോട്ടില്‍ ഒരുമിച്ചു കിട്ടിയത് ഹസ്സെയുടെ സുന്ദരിയായ മകളും. അവളുടെ ഓരോ ചിരിക്കു വേണ്ടിയും ഞാന്‍  സ്വയം കോമാളിയായി. ബോട്ട് തുഴയുംപോള്‍ ഞാന്‍ പാടിയ 'തിത്തി താര തിത്തിതൈ ' വള്ളം കളി പാട്ട് കേട്ട് അവള്‍ ആര്‍ത്തു ചിരിച്ചു.

ഇപ്പോള്‍ പോപ്കോണ്‍ മാഷിനുകള്‍ ഉണ്ടാകുന്ന വലിയൊരു കമ്പനി ഹസ്സെയും കുടുംബവും നടത്തുന്നു. ഏതായാലും, ആത്മീയ അനുഎഷണം കൊണ്ട് മാത്രം  ജീവിച്ചു കൊണ്ട് പോകാന്‍ പറ്റില്ലീന്നു ഹാസ്സെ വൈകി ആണെങ്കിലും മനസ്സിലാക്കിയതാണ് ഇതിനു കാരണം.  എന്തെങ്കിലും ബിസിനസ്‌ തുടങ്ങാന്‍ അനുഎഷിച്ചു  നടന്ന ഹസ്സെക്ക്  ഇന്ത്യയെ കൊണ്ട് ഒരുപകാരവുമുണ്ടായി. ബംഗ്ലോരില്‍ നിന്നും ജര്‍മ്മനിയിലേക്ക് പോപ്കോണ്‍  മെഷീന്‍ 'ഇമ്പോര്‍ട്ട്' ചെയ്തു. ജര്‍മ്മനിയിലെ ആദ്യത്തെ പോപ്കോണ്‍  മഷിനുകളില്‍ ഒന്ന്‍ !!  ഇന്ന് ബെര്‍ലിനിലെ ഏറ്റവും റോയല്‍ ആയ സോണി സെന്റര്‍ഇലെ സിനി സ്റ്റാര്‍ഇല്‍ വില്‍ക്കുന്ന പോപ്കോണ്‍ തന്റെ മെഷീന്‍ കൊണ്ടാനുണ്ടാക്കിയതെന്നു പറയാന്‍ ഹസ്സെക്ക് ഭയങ്കര അഭിമാനമാണ്‍ . ഈ അഭിമാണോ താനിത്രയും നാളത്തെ അലച്ചില്‍ കൊണ്ട് നേടിയതെന്ന് ഹസ്സെ നെടുവീര്‍പ്പിടിന്നു. അല്ല, അതിനേക്കാള്‍ വിലപ്പെട്ട അനുഭവങ്ങളും ബന്ധങ്ങളും ഫോട്ടോകളും ഹസ്സെക്ക്  ഉണ്ട്. തീര്‍ച്ച.

തിരിച്ചു വരുമ്പോള്‍ പകുതി ആത്മഗതമായി ഞാന്‍ പറഞ്ഞു. " എന്തൊരു ജീവിതം!! അതിന്റെ എല്ലാ ഭ്രാന്തോടെയും."  അങ്കിള്‍ തിരുത്തി. " പക്ഷെ , അങ്ങനെ ഒരു ജീവിതം എളുപ്പമല്ല . അതുകൊണ്ടാണല്ലോ നമ്മളൊക്കെ ഇങ്ങനെ മാന്യന്മാരായി ജീവിച്ചു പോകുന്നത്..."

Friday, May 29, 2009

മരണപാതയിലൂടെ

"നിങ്ങള്‍ ദാര്‍ജ്ലിംഗ് ലേക്ക് വന്നു നോക്കൂ , അത് സ്വര്‍ഗ്ഗമാണ് , ഭൂമിയിലെ സ്വര്‍ഗ്ഗം. അവിടെ വളര്‍ന്നു അതുപേക്ഷിച്ചു വരേണ്ടി വന്നവനാണ് ഞാന്‍ . " എന്നിട്ടീ മരണം കാത്തു കിടക്കുന്ന , മലകള്‍ക്കിടയിലെ നേരിയ പാതകളിലൂടെ വണ്ടി ഓടിക്കുന്നു , എന്നോര്‍ത്തു ഞാന്‍ ചോദിച്ചു .
"പിന്നെ എന്തിന് വന്നു ഈ പണിക്ക്‌ , അതും ഈ നശിച്ച സ്ഥലത്ത്‌."
"വരേണ്ടി വന്നു."
"അങ്ങനെ പറഞ്ഞാല്‍ ... "
മൌനം . ആലോചന. അവസാനം അവന്‍ പറഞ്ഞു.
"ഒരാളെ കൊന്നു. "
ആദ്യമേ പേടിയോടെ ഇരുന്നിരുന്ന ഞങ്ങള്‍ ശരിക്കും ഞെട്ടി.




ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും പപ്പനും ദിലീപും ടിബറ്റ്‌ നു അടുത്ത്‌ 11500അടി ഉയരത്തിലുള്ള ടാവാന്ഗ് എന്ന സ്ഥലത്ത്‌ പോയി മടങ്ങുന്ന വഴിയാണു. ബുദ്ധ വിഹാരങ്ങളും മനോഹരമായ ടാവന്ഗ് വാലിയും പോകുന്ന വഴിയിലുള്ള മഞ്ഞു പുതച്ച മല നിരകളും മഞ്ഞു മൂടിയ തടാകങ്ങലുമാണ് പ്രധാന ആകര്‍ഷണങ്ങള്‍.





അവന്‍ പറഞ്ഞു കൊണ്ടിരുന്നു..
'15 വയസ്സിലെ തുടങ്ങിയതാണു വണ്ടി ഓടിക്കാന്‍ . ഒരു രാത്രി ദൂരെ ഓട്ടം പോയി , അവിടെ എത്തിയപ്പോ പറഞ്ഞ പണം തന്നില്ല. വാക്കു തര്‍ക്കത്ത്തിനിടക്ക് കത്തി എടുത്ത്‌ കുത്തി . മരിചെന്നുരപ്പായപ്പോ വണ്ടി മുതലാള്ളിക്കും കൊടുത്ത്‌ ഓടിയ ഓട്ടം ചെന്നെത്തിയത് ഇവിടെ ആണു.' ആദ്യമേ പണം കൊടുത്തത് കൊണ്ടു പേടിക്കാനില്ല എന്ന് കരുതി ഞങ്ങള്‍ സമാധാനിക്കാന്‍ ശ്രമിച്ചു.

രാവിലെ 6 മണി കഴിഞ്ഞാല്‍ പിന്നെ അരുണാചല്‍ - ആസ്സാം ബോര്ടെര്‍ഇലേക്ക് നേരിട്ടു വണ്ടികളില്ല, ടാവങ്ങില്‍ നിന്നും. തലേ ദിവസം രാത്രി മാത്രം ടാവങ്ങില്‍ വന്നിറങ്ങിയ ഞങ്ങള്‍ ബുദ്ധ വിഹാരങ്ങള്‍ എങ്കിലും നന്നായി കാണാമെന്നു വിചാരിച്ചു. 7 മണിവരെ പ്രാര്‍ത്ഥന മുഖരിതമായ ബൌദ്ധ മുഖങ്ങളും ജീവിതത്തിലെ മറക്കാനാവാത്ത സൂര്യോദയവും കണ്ടു നടന്ന ഞങ്ങള്‍ അടുത്ത ടൌണ്‍ ആയ ബോംടില്ലയിലെക്ക് വണ്ടി പിടിച്ചു . ടാവങ്ങില്‍ നിന്നു പുറപ്പെടുമ്പോള്‍ ഇന്‍ഡോ - ചൈന യുദ്ധത്തില്‍ മരിച്ച ജവാന്‍മാരുടെ ശവ കുടീരം കാണാം. ആദ്യമായ്‌ ആക്രമിക്കപ്പെട്ട സ്ഥഅലങ്ങളിലോന്ന്‍ . ദലൈ ലാമ 15 ദിവസം കാല്‍നടയായ്‌ ബ്രഹ്മപുത്ര മുറിച്ചു കടന്ന്‍ ഹിമാലയന്‍ മല നിരകളിലൂടെ പലായനം ചെയ്തു വിശ്രമിച്ചത്‌ ഇവിടെയാണ്‌ . ടിബറ്റിന്റെ ഭാഗമായ്‌ പറഞ്ഞിരുന്ന പ്രദേശം അടുത്ത കാലത്ത്തായ്‌ ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്ന് ദലൈ ലാമ സാമ്മതിച്ച്ച്ചു.
അകലെ സ്കൂളുകളിലേക്ക് നടന്നു പോകുന്ന നിഷ്കളങ്ക മുഖഭാവമുള്ള കുട്ടികള്‍ക്ക്‌ ലിഫ്റ്റ്‌ കൊടുത്തും വഴികളിലുള്ള പെണ്ണുങ്ങളോട് സോള്ളിയും വളരെ മെല്ലെയാണ് ഡ്രൈവര്‍ വണ്ടി ഓടിച്ചിരുന്നത്. സൂര്യാ പ്രകാശത്തില്‍ വെട്ടി തിളങ്ങി കൊണ്ടിരുന്ന മഞ്ഞു തടാകങ്ങള്‍ക്കു മുന്നില്‍ നിന്നും ഞങ്ങള്‍ ഫോട്ടോകള്‍ എടുത്തു.

അങ്ങനെ വൈന്നേരം 4 മണിക്ക്‌ ആണു ഞങ്ങള്‍ ബോംടില്ലയിലെത്തുന്നത് . ഇനി അരുണാചല്‍ - ആസ്സാം ബോര്‍ഡര്‍ ആയ ബാലുക്പോങ്ങിലെക്ക് 5 മണിക്കൂര്‍ യാത്രയുണ്ട്. 10 മണിക്ക്‌ അവിടെ എത്തിയില്ലെങ്കില്‍ പിന്നെ ഗുവഹടിയിലേക്ക് വണ്ടി കിട്ടില്ല . IIT യില്‍ പിറ്റേ ദിവസം ദിലീപിനു പ്രസന്റേഷന്‍ ഉള്ളതാണു. കാണുന്ന വണ്ടികള്‍ക്കൊക്കെ ഞങ്ങള്‍ കൈ കാണിക്കാന്‍ തുടങ്ങി. ഒന്നും നിര്‍ത്തുന്നില്ല . നാട്ടുകാരൊക്കെ ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങി.


കുറച്ചു കഴിഞ്ഞപ്പോഴന്നു നാട്ടില്‍ മീന്‍ കൊണ്ടു വരുന്ന തരത്തിലുള്ള വണ്ടി വരുന്നത്. ടാവന്ഗ്ഇല്‍ നിന്നും പച്ചക്കറി ഇറക്കി വരുന്നതാണ് . മുന്നില്‍ ആള്‍ക്കാരുണ്ട് . പുറകില്‍ ഇരിക്കുമെന്നും പണം ആദ്യമേ കൊടുക്കുമെന്നും ഉള്ള വ്യവസ്തതയിന്മീല്‍ കയറാന്‍ സമ്മതിച്ചു. കാര്‍ഡ് ബോര്‍ഡും പേപ്പറും വിരിച്ചു ഞങ്ങള്‍ ഇരുന്നു. 'ഇങ്ങനെ ഒരു സ്വപ്ന യാത്ര' എന്ന ത്രില്ലില്‍ ഇരുന്ന ഞങ്ങള്‍ കുറച്ചു കഴിഞ്ഞപ്പോള്‍ യാതാര്ത്യത്തിലെക്ക് മടങ്ങി വന്നു. നല്ല പൊടിയും കുടുസ്സു വഴിയും!! . നമ്മള്‍ ഇങ്ങനെ അവിടം വരെ പോയിട്ട് നാളെ ഗുവഹടിയില്‍ എത്താതിരുന്നാല്‍ ഉണ്ടാവാനിരിക്കുന്ന ഭവിഷ്യത്തുകളെ കുറിച്ചു ചര്ച്ച ചെയ്തു തുടങ്ങി. നടുവോക്കെ ഒരു വക ആയി പണ്ടാരമടങ്ങി ഇരിക്കുമ്പോള്‍ അടുത്ത സ്റൊപ്പെത്തി. മുന്നിലുള്ള ആള്‍ക്കാര്‍ ഇറങ്ങി.
സമാധാനത്തോടെ നടു നിവര്ക്കുംപോള്‍ നില്ക്കുന്നു, ശരിക്കുമൊരു നോര്‍ത്ത് ഇന്ത്യന്‍ കര്‍ഷകനെ പോലെ തോന്നിക്കുന്ന ഒരാളും ഭാര്യും കുട്ടികളും. അവര്‍ ഡ്രൈവറോട് വില പേശുകയാണ്. അവന്‍ അവരോട് പുറകിലിരിക്കനമെന്നു പറയുന്നു. ഒക്കത്ത്തുള്ള കുട്ടിയുമായ്‌ പെണ്ണുങ്ങള്‍ പുറകില്‍ ഇരിക്കാന്‍ ബുധ്ധിമുട്ടാനെന്നു പറഞ്ഞു കൊണ്ടിരിക്കയാണ്. ഇതില്‍ നമുക്ക്‌ ഒരു റോളും ഇല്ലെന്ന രീതിയില്‍ നിന്നിരുന്ന ഞങ്ങളോട് ഡ്രൈവര്‍ മുന്നില്‍ ഇരിക്കാന്‍ പറഞ്ഞു . വല്ലാത്ത പെടലാണല്ലോ പെട്ടത് ന്ന് വിചാരിച്ചു നിക്കുമ്പോ അവര്‍ ദയയ്ക്കു വേണ്ടി ഞങ്ങളെ നോക്കുന്നു . അവസാനം പുറകില്‍ തന്നെ ഇരിക്കാന്‍ ങ്ങള്‍ തീരുമാനിച്ചു. 'കര്‍ഷകനും' തലയില്‍ തോപ്പിയുമായ്‌ നമ്മളോടൊപ്പം പുറകില്‍ കയറി. അയാള്‍ നിങ്ങളിവിടുത്ത് കാരല്ലല്ലോ , ഇവിടുത്തുകാര്‍ ഇങ്ങനെ
സഹായം ചെയ്യാറില്ലെന്നും പറഞ്ഞു. അയാളോട് വല്ലതുമൊക്കെ ഞാന്‍ ചോദിച്ചു തുടങ്ങി. ഉത്തരം പറയാന്‍ കടപ്പെട്ടവനെ പോലെ അയാള്‍ പറഞ്ഞു തുടങ്ങി.

ഹര്യാനയില്‍ നിന്നുള്ള ഇയാളുടെ ഹിന്ദി ശരിക്കും പിടികിട്ടുന്നില്ല. ഇയാള്‍ ക്ഷേത്രങ്ങളില്‍ പൂ വില്‍പ്പന നടത്തുന്ന വലിയൊരു നെറ്റ്‌വര്‍ക്ക്ഇന്റെ ഭാഗമാന്ന്‍. ശരിക്കും ഇന്ത്യയെ കണ്ടിട്ടുള്ള ഒരാള്‍ . നമ്മള്‍ കേരളത്തില്‍ നിന്നാന്നെന്ന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഇവിടെയും എത്തിയിട്ടുണ്ട് . ആലുവ പുഴയുടെ ഒരു ഭാഗത്ത്‌ കുടില് കെട്ടി ഒരു മാസത്തോളം കുടുംബ സമേതമുണ്ടായിരുന്നു . തമിള്‍നാടിലെ ക്ഷേത്ര പരിസരങ്ങളിലും ധാരാളം കാലം കഴിഞ്ഞിട്ടുണ്ട്. ഇന്ത്യക്കാരെ പറ്റിയുള്ള ഇയാളുടെ അഭിപ്രായം എല്ലാവരും 'എച്ചി' കള്‍ ആണെന്നാന്‍ . കാരണം,

"പണക്കാരോടോന്നും ഇവര്‍ വില പെശില്ല , നമ്മളെ പോലുള്ളവരോടു ഒരു മയവുമുണ്ടാവില്ല."

ഇയാള്‍ കുടുംബവുമായ്‌ നേപ്പാള്‍ , ഭൂട്ടാന്‍ എന്നിവിടങ്ങളിലൊക്കെ പോയിട്ടുണ്ട്. അവ്ടുത്തുകാരും വലിയ ഭേദമില്ലെന്നാണ് അഭിപ്രായം. ഇപ്പോള്‍ അരുണാചല്‍ഇലുള്ള പട്ടാള കേന്ദ്രങ്ങലോടോന്നിച്ച്ചുള്ള ക്ഷേത്രങ്ങളില്‍ പൂ വിറ്റു കഴിയുന്നു. 10ദിവസം കൂടി കഴിഞ്ഞാല്‍ പെര്‍മിറ്റ്‌ തീരും. അത് കഴിഞ്ഞാല്‍ എന്തെന്നറിയില്ല. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്കിറങ്ങേണ്ട സ്ഥലമെത്തി . നന്ദി പൂര്‍വ്വം ഞങ്ങളെ നോക്കി അകലെയുള്ള കുടിലിലേക്ക് ഒരു പാലം കടന്നു , നടന്നു നീങ്ങുന്ന ആ കുടുംബത്തിന്റെ ഭാവി മനസ്സില്‍ എന്തുകൊണ്ടോ ശല്യമുന്ടാക്കുന്നു .

മുന്നിലേക്ക്‌ ഞങ്ങള്ക്ക് കാത്തിരുന്ന പ്രമോഷന്‍ കിട്ടി. ഇന്നലെ പപ്പന്റെ ബാഗ്‌ നഷ്ടമായതിനു ശേഷം ആരെയും വിശുഅസിക്കാന്‍ കൊള്ളില്ലാത്ത അവസ്ഥ ആണു . ഡ്രൈവര്‍ ഒരു 21വയസ്സ് പ്രായമായ പയ്യാനാണ്. ഒരു പരിചയം സ്ഥാപിച്ച് ആളെ വിശുഅസിക്കാന്‍ കൊള്ളുമോ എന്ന്‍ നോക്കാന്‍ ഡ്രൈവര്‍ ഓടു സംസാരിക്കാന്‍ തുടങ്ങിയതാണു. അപ്പോളാണ് കൊലപാതകത്തിന്റെ കാര്യം പറഞ്ഞത്. നിങ്ങള്‍ ധൈര്യത്തോടെ ഇരിക്ക്, അവിടെ എത്തി ബസ്സ് കയറ്റി വിട്ടിട്ടേ പോകൂ എന്നാണു അവന്റെ വാഗ്ദാനം.

മുന്നില്‍ മലയിടിഞ്ഞ്‌ വീണു ഒരു ജിഇപ്പ് മറിഞ്ഞു കിടക്കുന്നു. കുറച്ചു പേര്‍ മരിച്ചു എന്നാണ് അവന്‍ പറയുന്നത് (സാധാരണ സംഭവം പോലെ).

വരു‌ന വഴിക്കൊക്കെ പട്ടാള്ളക്കാര്‍ മേല്‍നോട്ടം കൊടുത്ത്‌ മലയിടിഞ്ഞവിടെ റോഡ് ശരിയാക്കുന്നുണ്ടായിരുന്നു. മിലിട്ടറി ആണ് ഈ ഭാഗങ്ങളില്‍ മുഴുവന്‍ റോഡുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്‌. അവരോടു വല്ലാത്ത ബഹുമാനം തോന്നി ഇത് കണ്ടപ്പോള്‍ .

ഇരുട്ടായി. ചിലപ്പോ ദൂരെ നിന്നും വരുന്ന ലോറി കളുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രം. ഭയം ആക്രമിക്കാതിരിക്കാന്‍ അവനോടു അതും ഇതും ചോദിച്ചു തുടങ്ങി. അവന്‍ 5വര്‍ഷമായ്‌ കുടുംബത്തെ കണ്ടിട്ട് . ഇവിടുത്തെ മുതലാളി രണ്ടായിരം രൂപയാണ് മാസം കൊടുക്കുന്നത്. ഇങ്ങനെ ലിഫ്റ്റ്‌ ചോദിക്കുന്നവര്‍ കൊടുക്കുന്നത് അവന്‍ സ്വന്തം എടുക്കും. കേരളത്തില്‍ വന്നാല്‍ രക്ഷയുണ്ടോ എന്നാണ്‍ അവന് അറിയേണ്ടത് . അവിടെ ഡ്രൈവര്‍ മാര്‍ക്ക്‌ നേരായ റോഡില്‍ കൂടെ പോലും അപകടമില്ലാതെ ഒടിക്കാനറിയില്ല എന്നും മാസം 5000രൂപയെങ്കിലും കിട്ടുമെന്നും ഞാന്‍ പറഞ്ഞു.

വഴി യില്‍ ഒരു വീട് പോലുള്ള ഹോട്ടല്‍ഇന്റെ മുന്നില്‍ ഇറങ്ങാന്‍ പറഞ്ഞു. കഴിച്ചിട്ട് പോകാം. നമ്മള്‍ക്കനെന്കില്‍ എങ്ങനെ എങ്കിലും ഒന്നു ഭുലക്പോങ്ങിലെത്ത്തിയാല്‍ മതി. വണ്ടിയില്‍ സാധനങ്ങള്‍ വച്ചിട്ട് ഇറങ്ങാനും പേടി. അവസാനം ക്യാമറയും കൈയ്യിലെടുത്ത്‌ അവന്‍ ഇറങ്ങിയതിനു ശേഷം ഇറങ്ങി. അവനാണെങ്കില്‍ കുടുംബത്തിലെ അംഗം പോലെയാണ്‍ ഹോട്റെലുകാര്‍ക്ക് .

ഇനി ഭുലക്പോന്ഗ് എത്താറായി, ഐഡി ഒക്കെ കൈയിലെടുത്ത് വച്ചോ എന്ന് പറഞ്ഞു. എന്ത് ഐഡി ! . മിലിട്ടറി കാരാനെന്നാന് സംശയത്ത്ത്ടോടെ നോക്കുന്നവരോടൊക്കെ നമ്മള്‍ പറഞ്ഞിരുന്നത്. പറ്റിക്കപ്പെടാതിരിക്കാനും. ഞാനാ ദുഃഖ സത്യം വെളിപ്പെടുത്തി.

'ചെങ്ങായി നമ്മള്‍ വെറും യാത്രക്കാരാണ്. പാസ്‌ പോലും കൈയിലില്ല . ആകെ ഉള്ളത്‌ മിലിട്ടറിക്കാരനായ ഒരു ഫ്രണ്ട് ഇന്റെ ലെറ്റര്‍ ആണു'.

ശരിക്ക്‌ ഫ്രണ്ട് പോലുമല്ല . ക്യാപ്റ്റന്‍ ഗോകുല്‍ ദാസിന്റെ ഫ്രണ്ട് ആവാന്‍ ഞങ്ങലാര്‍ !. അരുനാചലിലെക്ക് കടക്കാന്‍ ഒരു വഴിയും ഇല്ലാതെ കാണുന്നവരോടൊക്കെ തിരക്കിയപ്പോള്‍ വന്നു പെട്ട ദേവദൂതന്‍. 'ഹം ബഹുത് ദൂര്‍ സെ ആയാ ഹൂം..ഹൊ..ഹൈം ... ഹുംകോ കൈസേ ഭി ടാവന്ഗ് ജാന ഹേ..' എന്ന് ദിലീപ് ചോദിച്ചപ്പോ 'നിങ്ങള്‍ നാട്ടിലെവിടെയാനെന്ന്‍ ' തിരിച്ചു ചോദിച്ച കണ്ണൂര്‍ കാരന്‍. അദ്ദേഹം തന്ന ലെറ്റര്‍ കാണിച്ചാണ്‌ ഞങ്ങള്‍ ചെക്ക്പോസ്റ്റ് കടന്നു ടാവങ്ങിലെത്ത്തിയത് .

അവസാനം ബാലുക്പോന്ഗ് ചെക്ക്പോസ്റ്റ് പ്രശ്നമില്ലാതെ തിരിച്ചു കടന്നു പറ്റി. ഇനി ബസ്സ് കിട്ടുന്ന സ്ഥലത്തേക്ക്‌ അര മണിക്കൂര്‍ യാത്രയുണ്ട്. അവന്റെ സ്ഥലം ഇവിടെ അടുത്ത് തന്നെയാണ്. ഞങ്ങളെ അവിടെ ആക്കിത്തരാം എന്ന് പറഞ്ഞതിനാല്‍ അവന്‍ പുറപ്പെട്ടു. മഞ്ഞും പോടിയുമായ്‌ ഒരു മീറ്റര്‍ഇന്നപ്പുറം റോഡ് കാണാന്‍ പറ്റാത്ത സ്ഥിതി. അവന്‍ ഉറങ്ങി പോകാതിരിക്കാന്‍ ഞാന്‍ ചവറു ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി വീണ്ടും. അവന്‍ പറഞ്ഞു 'ഈ സ്ഥലം വളരെ വിജനമാണ്, കൊള്ളക്കാരുടെ കേന്ദ്രവും . ഒറ്റയ്ക്ക് പോകുന്ന വണ്ടിക്കാരെയൊക്കെ കൊള്ള അടിക്കലാണ് അവരുടെ പ്രധാന പരിപാടി'. ഞാന്‍ ചിന്തിച്ചു ഇനി ഈ വഴിയിലൂടെ അവനു തിരിച്ചു വരണം. പക്ഷെ ഞങ്ങള്‍ക്ക് അവിടെ എത്താതെ വയ്യ. ഇവിടെ സ്വാര്‍ത്ഥത ചിന്തയെ കീഴടക്കുന്നു .

NHലെത്തി ബുസ്സുകാരുമായ്‌ നമുക്കു വേണ്ടി സമ്സാരിച്ച് ഒരു പാനും വാങ്ങി അവന്‍ തിരിച്ചുപോയി, ഞങ്ങളുടെ ആത്മാര്ത്തമായ നന്ദികളും ചിരിച്ചുകൊണ്ട് സ്വീകരിച്. സ്വാര്‍ത്ഥത യുടെയും അവിശ്വാസത്തിന്റെയും ഈ ലോകത്ത്‌ പറഞ്ഞ വാക്കു പാലിക്കുന്ന മനുഷ്യത്ത്വമുള്ള കുറച്ചു മുഖങ്ങളുണ്ടെന്ന് കാണിച്ചു തന്നതിന് സുഹൃത്തെ , നന്ദി. കൊള്ളക്കാര്‍ നിറഞ്ഞ വഴികളിലൂടെ നീ അവിടെ എത്ത്തിയിട്ടുണ്ടാവുമോ..